Wednesday 27 February 2019

മൂന്ന് പ്രക്ഷേപകരുടെ എഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്.. /ഡി.പ്രദീപ് കുമാർ


മഞ്ചേരി നിലയം 2017 മെയ് 8ന് ‘ഗ്രന്ഥാവലോകനം‘ പരിപാടിയിൽ പ്രക്ഷേപണം ചെയ്തത്.

റേഡിയോ പ്രസ്ഥാനം :  എഡിറ്റർ, ടി.ടി പ്രഭാകരൻ. പേജ്, 464 – വില, 450 രൂപ.  പ്രസാധകർ കേരള സംഗീത നാടക അക്കാദമി, തൃശൂർ.

     നൈമിഷിക മാധ്യമമാണ് റേഡിയോ എന്നൊരു ദുഷ്പേരുണ്ട്, ആദ്യ കാലങ്ങൾ മുതൽ.  കേൾവിയുടെ അനന്തസാദ്ധ്യതകൾ തുറന്നിടുമ്പോഴും, കാഴ്ചയുടെ പരിവൃത്തത്തിൽ നിന്ന് അസംഖ്യം വൈവിദ്ധ്യപൂർണ്ണമായ വായനകളും വ്യാഖ്യാനങ്ങളും സാദ്ധ്യമാക്കുന്ന ഭാവനയുടെ മഹാപ്രപഞ്ചത്തിലേയ്ക്ക് അത് നമ്മെ നയിക്കുമ്പോഴും,ആയുസ്സിൽ വരമൊഴിക്കുള്ള അപ്രമാദിത്വത്തെ അതിനൊരിക്കലും മറികടക്കാനാകില്ല.  വാമൊഴികളിൽ ഭൂരിപക്ഷവും കാലക്രമേണ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചില്ലാതാകും.  അതുമല്ലെങ്കിൽ, വ്യക്തിപരമായ അനുഭവങ്ങളും, ഓർമ്മകളുമായിമായി ഒടുങ്ങും.  പ്രക്ഷേപണത്തിന്റെ ആരംഭനാളുകൾ മുതൽ ജനലക്ഷങ്ങളെ ഏറെ ആകർഷിച്ച റേഡിയോനാടകങ്ങളും ഇങ്ങനെ കാലാന്തരത്തിൽ വിസ്മൃതിയിലാണ്ടുപോയിട്ടുണ്ട്.  ആ പ്രക്രിയ ഇപ്പോഴും തുടരുന്നു.  റേഡിയോ നാടകങ്ങൾ മാത്രമല്ല, അച്ചടിക്കാത്ത എല്ലാ റേഡിയോ പരിപാടികളും ഇങ്ങനെ എവിടെയോ മാഞ്ഞുപോയി.
     കേൾവിയുടെ അരങ്ങിൽ നിറഞ്ഞു നിന്ന റേഡിയോ കലാകാരന്മാരും, രചയിതാക്കളും, അവ അണിയിച്ചൊരുക്കിയ സംവിധായകരും, അണിയറ പ്രവര്ത്തകരുമൊക്കെ ഏതാണ്ട് വിസ്മരിക്കപ്പെട്ടു.  സാമൂഹിക നവോത്ഥാനത്തിന് ആക്കം കൂട്ടിയ മഹത്തായ മാധ്യമധർമ്മം  നിർവ്വഹിച്ച  റേഡിയോനാടകങ്ങളെക്കുറിച്ചോ, അതിന്റെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചോ, വികാസ പരിണാമങ്ങളെക്കുറിച്ചോ ഒന്നും ലിഖിതരേഖകൾ ഇല്ല.  ആ ശൂന്യത പരിഹരിക്കാനുള്ള എളിയ ശ്രമമാണ് റേഡിയോ നാടകപ്രസ്ഥാനം എന്ന ഈ ബൃഹദ് ഗ്രന്ഥം.
     റേഡിയോപ്രക്ഷേപണ രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർറത്തനപാരമ്പര്യമുള്ള, ഇപ്പോൾ കൊച്ചി എഫ്.എം നിലയത്തിലെ അസിസ്റ്റന്റ്  ഡയറക്ടറായ പ്രമുഖ നിരൂപകൻ, ടി.ടി.പ്രഭാകരൻ എഡിറ്റ് ചെയ്ത ഈ പുസ്തകം, മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമ്പന്നവും ആധികാരികവുമായ ചരിത്രരേഖ കൂടിയാണ്.  റേഡിയോ നാടകം: സിദ്ധാന്തങ്ങൾ, പഠനങ്ങൾ, റേഡിയോ നാടകം : അനുഭവങ്ങൾ, ഓർമ്മകൾ, റേഡിയോ നാടകം: അനുസ്മരണങ്ങൾ, അഭിമുഖങ്ങൾ, എന്നീ മൂന്നു ഭാഗങ്ങളായി 51 പ്രൌഢങ്ങളായ ലേഖനങ്ങളും, അഭിമുഖങ്ങളും, റേഡിയോനാടക പ്രസ്ഥാനത്തെക്കുറിച്ച് ടി.ടി.പ്രഭാകരൻ എഴുതിയ സമഗ്രമായ പഠനവും ചേർന്ന താണ് ഈ ഗ്രന്ഥം,റേഡിയോ നാടക പ്രക്ഷേപണത്തിന്റെ ആദ്യകാല ചരിത്രം ആലേഖനം ചെയ്യുന്നു.  നാഗവള്ളി ആർ.എസ്.കുറുപ്പ്, മാലി, കൈനിക്കര കുമാരപ്പിള്ള, ടി.എൻ.ഗോപിനാഥൻ നായർ, പ്രൊ. ജി.ശങ്കരപ്പിള്ള തുടങ്ങിയവരുടെ ലേഖനങ്ങൾ മുതൽ, ആദ്യകാല പ്രക്ഷേപണത്തിന് ചുക്കാൻ പിടിച്ച കെ.പത്മനാഭൻ നായർ, പി.പി.നായർ തുടങ്ങിയ മഹാരഥന്മാരുടെയും, സമകാലിക റേഡിയോ നാടകപ്രക്ഷേപണത്തിലെ മഹാപ്രതിഭകളായ ഡോ. എം.രാജീവ്കുമാർ, കെ.വി.ശരത്ചന്ദ്രൻ എന്നിവരുടെയും രചനകളാൽ സമ്പന്നമാണ് ഈ ഗ്രന്ഥം. അപൂർവ്വമായ ചിത്രങ്ങളുമുണ്ട്,  ആകർഷകമായ അച്ചടിയും, രൂപശില്പവുമുള്ള ഈ ഗ്രന്ഥത്തിൽ.  റേഡിയോയെ സ്നേഹിക്കുന്ന ഓരോ മലയാളിയും  സൂക്ഷിച്ചുവെയ്ക്കേണ്ട അമൂല്യ ഗ്രന്ഥമാണിത്.

എവിടെയോ :  (ചെറുകഥാ സമാഹാരം), ഗ്രന്ഥകാരൻ കെ.വി.ശരത്ചന്ദ്രൻ.  പേജ് 96.  വില, 80 രൂപ.  പ്രസാധകർ സൈകതം ബുക്സ്, കോതമംഗലം, എറണാകുളം ജില്ല.  ഫോൺ: 9539056858

     ഇപ്പോൾ ആകാശവാണി കണ്ണൂർനിലയത്തിലെ പ്രോഗ്രാം എക്സിക്യുട്ടീവായ കെ.വി.ശരത്ചന്ദ്രനെ, ദേശീയ പുരസ്ക്കാരങ്ങൾ നേടിയ റേഡിയോ നാടകക്കാരനായി മലയാളികൾ അറിയും.  പക്ഷേ, ചെറുകഥാകൃത്തായി തുടങ്ങിയ അദ്ദേഹത്തെ ആ കഥകളുടെ പേരിൽ തിരിച്ചറിയുന്നവർ തുലോം വിരളമാണ്.  കാരണം, മൂന്ന് പതിറ്റാണ്ടു കൊണ്ട് അദ്ദേഹം എഴുതിയത് വെറും പതിനഞ്ചു് കഥകൾ.  പക്ഷേ, മലയാള കഥാസാഹിത്യത്തിൽ സ്വന്തമായി തനിക്കൊരു ഇരിപ്പിടമുണ്ടെന്ന് തെളിയിക്കുന്നതാണ് എവിടെയോഎന്ന കെ.വി.ശരത്ചന്ദ്രന്റെ ചെറുകഥാ സമാഹാരം.
     സമകാലിക ജീവിതത്തെ കഥാപരിസരങ്ങളാക്കി എഴുതിയ ഈ കഥകൾ വായനക്കാരെ വിസ്മയിപ്പിക്കുന്ന രൂപഘടനയും പ്രമേയവുമുള്ളതാണ്.  ചെറു-ചെറു വാക്യങ്ങളിൽ, ലളിത പദാവലികളിൽ ആഖ്യാനം.  പക്ഷേ, എവിടെയോ, എപ്പോഴോ, ഒരു ദുരന്തം, അല്ലെങ്കിൽ അപ്രതീക്ഷിതമായ വഴിത്തിരിവ് കഥകൾക്ക് വലിയ അർത്ഥവ്യാപ്തി നല്കുന്നു.  സ്നേഹവും, വെറുപ്പും, അക്രമവും, രാഷ്ട്രീയവും, തിന്മയുമൊക്കെ ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.  മലയാളത്തിലെ എണ്ണപ്പെട്ട കഥകളിലൊന്നായി,ഈ സമാഹാരത്തിന് ആമുഖമെഴുതിയ അഷ്ടമൂർത്തി  ചൂണ്ടിക്കാണിക്കുന്ന ഒരു കഥയുണ്ട് , പേര്– ഒരു സിനിമാക്കഥ.  ഈ കഥകൾ വിലയിരുത്തിക്കൊണ്ട് അദ്ദേഹം ഉപസംഹരിച്ചിരിക്കുന്നത് ഇങ്ങനെയാണ് : “ഒട്ടും ആശങ്ക വേണ്ട, ഈ കഥാകാരന്.  മലയാള കഥയിൽ കെ.വി.ശരത്ചന്ദ്രന്റെ ഇരിപ്പിടം സുരക്ഷിതമാണ് ”.

ഴാം ചില്ലയിലെ വര (കവിതാ സമാഹാരം), ഗ്രന്ഥകാരൻ: ശ്രീകുമാർ മുഖത്തലപേജ് 64.  വില, 60 രൂപപ്രസാധകർ , പരിധി പബ്ലിക്കേഷന്സ്, തൈക്കാട്, തിരുവനന്തപുരം.  ഫോൺ: 04712339334

     ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം എക്സിക്യുട്ടീവും പ്രമുഖ പ്രഭാഷകനുമായ ശ്രീകുമാർ മുഖത്തലയുടെ 21 കവിതകളുടെ സമാഹാരമാണ് ഏഴാം ചില്ലയിലെ വര.
     കവിത മൃതമായ വെറും അക്ഷരങ്ങളും അർത്ഥരഹിതമായ ഫലിതവുമായി മാറിയ കാലത്ത്, അനുഭവത്തിന്റെ ഉൾക്കാമ്പുള്ള രചനകളാണ് ശ്രീകുമാർ മുഖത്തലയുടേത്.  തന്റെ അസ്വസ്ഥമായ ബാഹ്യജീവിതത്തിന്റെയും, ആന്തരികജീവിതത്തിന്റെയും ആകുലതകളിൽ നിന്നാണ് ഈ കവിതകൾ പിറന്നതെന്ന് കവി ആമുഖക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.  ഓർമ്മയും, അനുഭവങ്ങളും, വായനയും, പ്രണയവും, തത്ത്വശാസ്ത്രവും ഈ കവിതകളിലുണ്ട്.  പാരമ്പര്യത്തെ ഉൾക്കൊണ്ടു കൊണ്ട്, വൃത്തനിബദ്ധമായി എഴുതിയ കവിതകളിൽ ജീവിതത്തെയും, നന്മകളെയും, പ്രതീക്ഷയോടെ നോക്കിക്കാണുന്ന സൌന്ദര്യദർശനവുമുണ്ട്.  അച്ഛനെയോർക്കുമ്പോഴും, കുട്ടിക്കാലത്തെക്കുറിച്ചെഴുതുമ്പോഴും, ആരോഗ്യ നികേതനം വായിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതുമ്പോഴും, ഈ സത്യാനുഭൂതി കവിതയിൽ നിറയുന്നുണ്ട്.  അമ്മപ്പുലരി എന്ന കവിത നോക്കുക :
കുട്ടിക്കാലത്തമ്മയ്ക്കെന്നെ
നേരെ കാണാനായില്ല
               കണ്ണീരിന്റെ തിളങ്ങും ചില്ലിൽ-
ക്കൂടിക്കാണുന്നതിനാലെ
    അനുഭവത്തിന്റെ കണ്ണീർനനവുള്ള ജീവിതവീക്ഷണങ്ങൾ പുതുകാലത്തെ കവിതകളിൽ വായിക്കാനാകുന്നത് അത്യപൂർവ്വം.  അതുകൊണ്ട് തന്നെ, ശ്രീകുമാർ മുഖത്തലയുടെ കവിതകൾ വേറിട്ടു നില്ക്കുന്ന വായനാനുഭവം നല്കുന്നു.
     മലയാള സാഹിത്യത്തെയും, കലയെയും ധന്യമാക്കിയ മഹാരഥന്മാരായ പൂർവ്വസൂരികളുടെ പാതയിലൂടെയാണ് ആകാശവാണിയിലെ ഇപ്പോഴത്തെ തലമുറയും സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നതാണ്, ഇവിടെ അവലോകനം ചെയ്യപ്പെട്ട ടി.ടി.പ്രഭാകരൻ, കെ.വി.ശരതിചന്ദ്രൻ, ശ്രീകുമാർ മുഖത്തല എന്നിവരുടെ രചനകൾ .