Monday 9 April 2018

തളിര്ക്കും കിനാക്കൾ

ജീവിതം പൊരുതി വിജയിക്കാനുള്ളതാണെന്ന് തെളിയിച്ചവരെ പരിചയപ്പെടുത്തുന്ന മഞ്ചേരി എഫ് എമ്മിന്റെ പ്രതിവാര പരിപാടിയാണ് "തളിർക്കും കിനാക്കൾ". മഞ്ചേരി നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയ മുനീർ ആമയൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ പരമ്പരക്ക് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഇ എം ഷജീർ ആണ് സാങ്കേതികസഹായം ഒരുക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ 11 മണി വരെ പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയിൽ തോരപ്പ മുസ്തഫ, സി എച് മാരിയത്, റയീസ് ഹിദായ, ജോമി, ഉബൈസ് സൈനുലാബ്ദീൻ തുടങ്ങിയ ഒരുപാടാളുകൾ ശ്രോതാക്കൾക്ക് ഊർജം പകർന്നിട്ടുണ്ട്. ഇവരില് ചിലരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന നാടകീയമായ ഒരു ഡോക്യുമെന്ററി ഈ പരമ്പരയിൽ ഒരിക്കൽ പ്രത്യേകപരിപാടിയായി പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ തിരക്കഥ നിങ്ങൾക്കിവിടെ വായിക്കാം.



Scene-1


സ്ഥലം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനടുത്ത ഒറ്റപ്പെട്ട ഒരിടം.


സമയം: പുലര്ച്ചെ 5 മണി.


(ദൂരെ നിന്ന് ട്രെയിനിന്റെ ശബ്ദം കേള്ക്കുന്നു. ചാക്കോച്ചൻ ആത്മഹത്യ ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട ഒരിടത്ത് തല വച്ച് കിടക്കുന്നു.)


ഇനി ഒരു നിമിഷം കൊണ്ട് തീരുമല്ലോ എന്റെയീ നശിച്ച ജീവിതം.


(ട്രെയിൻ അടുത്തടുത്ത് വരുന്നു. പശ്ചാത്തലത്തിൽ പല വിധ ശബ്ദങ്ങൾ. - ചാക്കോച്ചന്റെ ചിന്തകൾ)


മാറിക്കോളി, മാറിക്കോളി വണ്ടി വരുന്നു. മാറിക്കോളി എന്താങ്ങള് ചെയ്തത് എ. ഒരിത്തിരി വൈകിയിരുന്നെങ്കിൽ തലയരഞ്ഞുപോകില്ലായിരുന്നോ! അല്ലാന്ന് നിങ്ങൾ എന്തിനുള്ള പുറപ്പാടാ?


(വലിയ ശബ്ദത്തിൽ ട്രെയിൻ കടന്നു പോകുന്നു.)


………. : നിങ്ങൾ ആരാ എന്റെ കാര്യം നോക്കാൻ. ഒന്ന് മരിക്കാനും സമ്മതിക്കില്ലാ അല്ലേ...


............: നിങ്ങൾ ഒന്ന് സബൂറാകൂന്നെ. അല്ലാ ചങ്ങായി നിങ്ങൾ എന്റെ മുമ്പിൽ കടന്നു മയ്യത്തായാ, ഞാനും കൂടെ അതിനു സമാധാനം പറയേണ്ടി വരില്ലെ.


...........: അല്ലാ എന്താപ്പാ പ്രശ്നം


...........: എന്റെ പ്രശ്നം അറിഞ്ഞിട്ടു നിനക്കെന്താ... പരിഹരിച്ചു തരാൻ പറ്റുമോ നിനക്ക്.


……….: ആ നമുക്കൊന്നു നോക്കാലോ, അല്ലാ എന്താ ങ്ങളെ പേര്?


……….: ചാക്കോ, ചാക്കോച്ചൻ എന്ന് വിളിക്കും.


……….: ആ, അപ്പോ ചാക്കോച്ചാ.. ങ്ങള് വരി. ങ്ങള് ബരീന്ന്. മ്മക്ക് കുറച്ച് നേരം അവിടെ ഫ്ലാറ്റ്ഫോമിൽ പോയിരിക്കാം. ആ ബരീ ബരീ


(രണ്ട് പേരും പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നു.)


..........: അല്ലാ ചാക്കോച്ചാ, ഞ് പറയി എന്താപ്പോ മരിക്കാനൊക്കെ തോന്നാൻ മാത്രം ഉണ്ടായത്. ഏ...


……….: അത് പറഞ്ഞിട്ടെന്താ കാര്യം. എങ്ങനെയെങ്കിലും ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു.


(കരയുന്നു)


(സഹീർ ചാക്കോച്ചന്റെ പുറത്തു തട്ടുന്നു)


……….: അയ്യ അയ്യോ... നിങ്ങള് ഒന്ന് സമാധാനപ്പെടീം


……….: എല്ലാം കൈവിട്ടു പോയി. അന്തസ്സായി കഴിഞ്ഞാ ഇരുന്നത്. എന്തോ കാലക്കേടിനു, അടുത്ത കാലത്ത് കൈവെച്ചതെല്ലാം ഒന്നൊന്നായി പൊളിഞ്ഞു. ഒന്നും പച്ച പിടിക്കുന്ന ലക്ഷണമില്ല. കൂടെ ഉള്ളവരൊക്കെ വെച്ചടി വെച്ചടി കയറിപ്പോക്വാ.


ഈ ഞാൻ അല്പം കൃഷിയുമായി ഒതുങ്ങിക്കൂടാന്നു വെച്ചാൽ ഓരോന്നാലോചിച്ചു ഒരു സുഖവും ഇല്ല. മടുത്തു.


(വാക്കുകൾ മുറിഞ്ഞ് വിതുമ്പുന്നു.)


..........: ഏ.. നിങ്ങൾ കരയല്ലെ ചാക്കോച്ചാ... കരയല്ലെ, നമ്മൾ ഉണ്ട് നിങ്ങളുടെ കൂടെ.. ആ..


……….: എനിക്കെങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതി.


(വിതുമ്പിക്കരയുന്നു.)


……….: ചാക്കോച്ചാ.. നിങ്ങളുടെ വിഷമം എനിക്ക് നന്നായിട്ടു മനസ്സിലാകും. മരിച്ചാൽ പിന്നെ അതൊന്നും അറിയണ്ടല്ലോ.


..........: ഉം.. നിങ്ങളൊരു കാര്യം ചെയ്യ്, മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിങ്ങളുടെ കൈയിന്മേൽ തന്നെ. എന്നാലും, ഒരു കാര്യം ഞാൻ പറയട്ടെ


……….: എന്താ !


...........: ഇന്നൊരു ഒറ്റ ദിവസം നിങ്ങൾ എന്റെ കൂടെ ഒന്ന് വരണം. എന്റേൽ കാറുണ്ട്. ഞമ്മക്കൊന്നു കറങ്ങി വരണം. എന്തേയ്


………..: (പുച്ഛത്തോടെ) മരിക്കാൻ പോകുന്നതിനെന്തിനാ നിങ്ങളുടെ കൂടെ വരുന്നേ !


...........: എന്റെ ചാക്കോച്ചാ... ഇപ്പൊ സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ. രാത്രി 10 മണിയാമ്പോഴത്തേക്കും ഞാൻ നിങ്ങളെ ഇവിടെത്തന്നെ കൊണ്ടാക്കാം. ഇങ്ങളൊന്ന് ബരീന്ന്.


..........:ശരി വരാം. ഇങ്ങടെ ഒരു ആഗ്രഹമല്ലേ


..........ഹാ എന്നാ ഇങ്ങള് ബരി ബരീം... ഇങ്ങള് കാറിലേക്ക് കേറിക്കോളീൻ കേറി ചാക്കോച്ചാ..


(രണ്ട് പേരും കാറിൽ കയറുന്നു. കാർ സ്റ്റാര്ട്ട് ചെയ്യുന്നു.)


(കാർ റോഡിലൂടെ പോകുന്ന ശബ്ദം), അമ്മയും നന്മയും ഒന്നാണ്.........റേഡിയോയിൽ ഗാനശകലം


……….നോക്ക് ആ മരങ്ങള് കണ്ടോ, എന്റെ ജീവിതത്തിലേ പോലെ തന്നെ ഇലകളൊക്കെ കൊഴിഞ്ഞ് എല്ലാം നഷ്ടപ്പെട്ട്, എല്ലാം നഷ്ടപ്പെട്ട് ഒറ്റയാനായ ഒരു മരം.


.......... ഇന്റെ ചാക്കോച്ചാ ഇങ്ങളെന്താ ചിന്തിക്കുന്നേ ഒരു രണ്ട് മൂന്ന് മാസം കഴിഞ്ഞിക്ക്ണ് ന്ന് വച്ചാൽ ആ മരം നിറയെ പൂക്കൂലേ


ചാക്കോച്ചൻ: നഷ്ടപ്പെട്ടതെല്ലാം പൂർവ്വാധികം ഭംഗിയോടെ തിരിച്ചു വരുന്നോ


..........ഇങ്ങടെ മുഖമൊന്നു തെളിയിണില്ലല്ലോ. എത്രയായിട്ടെന്താ ഇങ്ങടെ മുഖം തെളിയാത്തേ


ചാക്കോച്ചൻ: ഷഹീറേ, എവിടെ, എവിടേക്കാ ഇനി യാത്ര


സഹീർ: മ്മടെ മലപ്പുറത്തുള്ള കോഡൂരിലേക്ക്


< Transmission Music>


Narration : 1


മലപ്പുറം കോഡൂർ സ്വദേശി മുസ്തഫയെക്കാണാനാണ് അവരുടെ ഈ യാത്ര.


ഇരുപത്തിയേഴാം വയസ്സിൽ ഒരു വാഹനാപകടത്തിൽ ശരീരത്തിന്റെ 95% ചലനശേഷിയും നഷ്ടപ്പെട്ടിട്ടും, ആത്മവിശ്വാസത്തിന്റെ കരുത്തിൽ മുസ്തഫ നടന്നു കയറിയ വഴികൾ ഏവരെയും വിസ്മയിപ്പിക്കും. ഭിന്നശേഷിയുള്ളവര്ക്കായി കൈകൾ മാത്രം ഉപയോഗിച്ച് പ്രവര്ത്തിക്കാവുന്ന, ഓടിക്കാവുന്ന കാറുകൾ നിര്മ്മിച്ച വ്യക്തി എന്നത് മാത്രമല്ല ഇദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. 16 ഏക്കറോളം വരുന്ന ഭൂമിയിൽ ഒരു ഔഷധോദ്യാനവും മുസ്തഫ പരിപാലിക്കുന്നു. നൂറുകണക്കിനാളുകള്ക്കാണ് തോരപ്പ മുസ്തഫ, ആക്സിലേറ്ററും ബ്രേക്കുമെല്ലാം കൈകൾ കൊണ്ട് പ്രവര്ത്തിക്കാവുന്ന തരത്തിലുള്ള കാറുകൾ നിര്മ്മിച്ചു നല്കിയത്. കരുത്തുറ്റ ആത്മവിശ്വാസവും ജീവിതത്തിലുള്ള പ്രതീക്ഷയുമാണ്, മുസ്തഫയുടെ വീൽ ചെയറിന് അതിരുകളില്ലാതെ പറക്കാൻ ചിറകുകൾ നല്കുന്നത്.


<Voice byte – Musthafa>






Scene-2


(കാറിൽ യാത്ര ചെയ്യുന്ന ശബ്ദം)


സഹീർ: എന്ത് പറയ്ന്ന് ചാക്കോച്ചാ


ചാക്കോച്ചൻ: ങാ..... അന്ന് ആ അപകടത്തില് തന്നെ തീരേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മുസ്തഫ ഇങ്ങനെയൊക്കെയായത്.


സഹീർ: ചാക്കോച്ചാ, മ്മളെ മുസ്തഫെങ്ങാനും 27-)o വയസ്സിൽ ശരീരം തളര്ന്ന വെഷമത്തില് ആത്മഹത്യ ചെയ്തിന്യെയെങ്കില് ഇക്കണ്ട നേട്ടൊക്കെ അയാക്ക് സ്വന്താക്കാൻ കയ്യീന്യോ? മുസ്തഫാന്റെ ഇക്കണ്ട കഴിവുകള് ലോകര്ക്ക് ഉപയോഗിക്കാൻ പറ്റ്വാന്യോ?


ചാക്കോച്ചൻ: ഉം.....(അമര്ത്തി മൂളുന്നു)


സഹീർ: ഇത്രനുഭവിച്ചിട്ടും ഇപ്പെന്തു സന്തോഷം, എന്തു സന്തോഷത്തോട്യാ ഓരോന്ന് ചെയ്യന്നേ, കണ്ടില്ല്യേ ങ്ങള് ?


ചാക്കോച്ചൻ: ഉം.....ശര്യാണ്


സഹീർ: ആ..ചാക്കോച്ചാ, ഇനീ... ഇനി നമ്മക്ക് നെലമ്പൂര് വയിക്ക് ഒന്ന് പോണം. ചെ ആളെക്കൊന്നവ്ടെ കാണാനുണ്ട്. ഒന്ന് പോയ് വര്വാ ?


ചാക്കോച്ചൻ: ഉം.....


< Transmission Music>


Narration : 2


നിലമ്പൂർ ഗവ മാനവേദൻ ഹയർ സെക്കന്ററി സ്ക്കൂളിലെ രണ്ടാം വര്ഷ ഹ്യുമാനിറ്റീസ് വിദ്യാര്ത്ഥി പി.റംഷീദിനെ കാണാനാണ് അവർ ഇപ്പോൾ പോകുന്നത്. 2016 സെപ്തംബറിൽ ഒരു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായതാണ്, 23 കാരനായ ഈ നിലമ്പൂർ ചന്തക്കുന്ന് സ്വദേശി. ഇപ്പോൾ ഓരോ മാസവും 10,000 രൂപയിലധികമാണ് മരുന്നുനും തുടർ ചികിത്സക്കുമായി ചെലവ് വരുന്നത്. വളരെ ചെറുപ്പത്തിലേ റംഷീദിന്റെ ഉപ്പ മരണപ്പെട്ടു. വീട്ടുജോലി ചെയ്താണ് റംഷീദിന്റെ ഉമ്മ സുബൈദ കുടുംബം പുലര്ത്തുന്നത്. എന്നാൽ, തന്റെ ചികിത്സക്കാവശ്യമായ തുക റംഷീദ് തന്നെ സ്വയം കണ്ടെത്തുന്നുവെന്നതാണ് ഈ വിദ്യാര്ത്ഥിയെ വ്യത്യസ്തനാക്കുന്നത്. തന്റെ അപൂർവ്വ പുരാവസ്തു ശേഖരവുമായി സ്ക്കൂളുകളിലും, കോളേജുകളിലും, ശാസ്ത്രോത്സവങ്ങളിലുമെല്ലാം പ്രദര്ശനങ്ങളുമായി പടയോട്ടം നടത്തുകയാണ് ഈ മിടുക്കൻ. നൂറ്റിനാല്പതോളം രാജ്യങ്ങളുടെ നാണയങ്ങൾ, കറന്സികൾ, സ്റ്റാമ്പുകൾ തുടങ്ങിയവയും, ഒളിമ്പിക് മെഡലും, മുഗള് ചക്രവര്ത്തിമാരുടെ മെഡലുകളുമടക്കം വൈവിദ്ധ്യങ്ങളാൽ സമ്പന്നമാണ് റംഷീദിന്റെ പുരാവസ്തു ശേഖരം. ജീവിതത്തെ പോരാട്ടവേദിയാക്കി മാറ്റി തന്റെ വിധി തിരുത്തിയെഴുതിയ ഈ ചെറുപ്പക്കാരന്റെ വാക്കുകൾ കേള്ക്കൂ.





<Voice byte>


<Song>


< Transmission Music>


Scene-3


(കാറിന്റെ ശബ്ദം)


സഹീർ: ഇപ്പങ്ങളെന്ത് പറയ്ണ് ചാക്കോച്ചാ, ങും ?


ചാക്കോച്ചൻ: ഗുരുതരമായ അസുഖം വന്നിട്ടും റംഷീദ് ഒട്ടും തളര്ന്നില്ലല്ലോ. മിടുക്കൻ. എനിക്കതിന് കഴിയുന്നില്ലല്ലോ..


സഹീർ: ന്റെ ചാക്കോച്ചാ... മ്മളൊക്കെ ജീവിതത്തില്, ദൈവം തമ്പുരാൻ മ്മളെ പലേവിധം പരീക്ഷിക്കും. ഈ കഷ്ടപ്പാടൊക്കെ അയിന്റെരു ഭാഗാണെന്നറിയാലോ. അല്ല, ങ്ങളൊന്നാലോയ്ച്ചോക്കീ... കടുത്ത ചൂടിൽ ഉരുക്കീട്ടല്ലേ സ്വര്ണ്ണം ശുദ്ധ്യാകുന്നത്. അതുപോലെത്തന്നെ. ചാക്കോച്ചാ.... ഗീതേം, ബൈബിളും ഖുറാനുമെക്കെ പറേന്നത് തന്ന്യാ, പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളൊക്കെ മ്മളെ കൂടുതൽ കരുത്തരാക്കാനാണ് എന്ന് . മ്മക്ക് തന്നെ മ്മള്ല് വിശ്വാസംല്ലെങ്കില് ഈ ലോകോം പരലോകോം സന്തോഷം നഷ്ടാവുംന്നാ ഭഗവത്ഗീത പറയുന്നത്. ല്ലേ?


ചാക്കോച്ചൻ: അല്ല സഹീറേ, ഇന്യെങ്ങോട്ടാ ?


സഹീർ: ങാ.....മ്മള്......മ്മള് പ്പോ ചുങ്കത്തറെത്താനായി. ആ....നമ്മക്കിവിടെ രണ്ടാളെ കാണാനുണ്ട്.


ചാക്കോച്ചൻ: ഓഹോ......


(കാറിന്റെ ശബ്ദം)


< Transmission Music>


Narration : 3


ചുങ്കത്തറയിലെ തലഞ്ഞിയിൽ ജോമി ജോൺ ജോസഫ് എന്ന ചെറുപ്പക്കാരന്റെ വീട്ടുമുറ്റത്താണ് പിന്നെ കാർ നിര്ത്തിയത്.


ജോമി ജോൺ ജോസഫ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്പൈനൽ കർവ് പരിഹരിക്കാനായി ഒരു സര്ജറിക്ക് വിധേയനായതാണ് ഈ മുപ്പത്തിരണ്ടുകാരൻ. സര്ജറി പരാജയപ്പെട്ട് ജീവിതം വീൽചെയറിലായിപ്പോയെങ്കിലും, തോറ്റു കൊടുക്കാതെ ജോമി മുന്നേറി. പ്രൈവറ്റ് ആയി പഠിച്ച്, ചാര്ട്ടേഡ് അക്കൌണ്ടന്റ് പരീക്ഷയും കമ്പനി സെക്രട്ടറിഷിപ്പ് പരീക്ഷയുമെല്ലാം ജോമി പാസ്സായി. ‘വീല് ചെയർ സ്പോര്ട്സ്’ഏറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരൻ ഒരു Disability Rights Activist കൂടിയാണ്. അംഗപരിമിതരുടെ അവകാശങ്ങള്ക്കായി പ്രവര്ത്തിക്കുന്ന All Kerala Wheelchair Rights Federation ന്റെ സംസാഥാന സെക്രട്ടറിയും, നട്ടെല്ലിന് പരിക്കേറ്റ് കിടപ്പായവരുടെ പുനരധിവാസത്തിനും പരിശീലനത്തിനുമായി പ്രവര്ത്തിക്കുന്ന The Spinal Foundation ന്റെ കേരള ചാപ്റ്റർ കോര്ഡിനേറ്ററുമാണ് ജോമി ജോൺ ജോസഫ്.


<Voice byte>


< Transmission Music>


Narration : 4


ചുങ്കത്തറയിൽ തന്നെയുള്ള സി.എച്ച്.മാരിയത്തിനെ കാണാനാണ് ഇപ്പോൾ ചാക്കോച്ചന്റെയും, സഹീറിന്റെയും യാത്ര.






‘നിറമറ്റ സ്വപ്നങ്ങളിൽ


വര്ണ്ണ നൂലിഴകൾ തീര്ക്കാനാവാതെ,


മോഹങ്ങളുടെയും


മോഹഭംഗങ്ങളുടെയും


നിഴൽപ്പാടുകളിൽ


കാരണങ്ങളറിയാതെ


നിരാശയുടെ


നിശബ്ദ നിലവിളികൾ,


ഒന്നിനുമാവാതെ


അമര്ത്തിപ്പിടിച്ച തേങ്ങലുകളായി


എന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.


നാളെയും നാളെകളുടെ നാളെയും


കാണാക്കാഴ്ചകളാൽ മറഞ്ഞിരിക്കുന്നു.


വീട്ടിത്തീര്ക്കാനാവാത്ത


തീരാക്കടമായി – ഞാൻ


അവശേഷിച്ചിരിക്കെ


ജീവിതം ഇനിയും


ഒരുപാട് ബാക്കിയാണ്.


ചുങ്കത്തറ സ്വദേശി സി.എച്ച്.മാരിയത്ത് ഒരിക്കൽ കുറിച്ചിട്ട വരികളാണിത്.


ആറാം വയസ്സിൽപെട്ടെന്ന് ഒരു പനി ബാധിച്ച് നെഞ്ചിന് താഴേക്ക് തളര്ന്നു പോയതാണ് മാരിയത്തിന്. രാവും പകലും മാറുന്നതറിയാതെ, മനം മടുപ്പിക്കുന്ന മരുസുഗന്ധവും ആശുപത്രി വാസവുമായി കാലം കഴിച്ച നാളുകളിലൊന്നിൽ, മനസ്സിൽരൂപമെടുത്ത കരിമേഘങ്ങൾ അക്ഷരങ്ങളായി പെയ്തിറങ്ങിയതാണ് ഈ വരികളിൽ.


എന്നാൽ, ഇന്ന് മാരിയത്ത് ഒരുപാട് മാറിയിരിക്കുന്നു. ജീവിതം ഉയര്ത്തിയ വെല്ലുവിളികളെ നേരിട്ട് പോരാടി വിജയിച്ച ഒരു ജേതാവിന്റെ പുഞ്ചിരിയാണ് ഇന്നവരുടെ മുഖത്തുള്ളത്. മോട്ടിവേഷണൽ ട്രെയിനർ ശിവ് ഖേര പറഞ്ഞതുപോലെ, വ്യത്യസ്ത കാര്യങ്ങൾ ചെയ്തല്ല, കാര്യങ്ങളെ വ്യത്യസ്തമായി ചെയ്തതാണ്, മാരിവില്ലഴകുള്ള ഒരു ജീവിതം ഇന്ന് സി.എച്ച്. മാരിയത്ത് കെട്ടിപ്പടുത്തത്. ഇപ്പോൾ Clerical Assistant ആയി സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന മാരിയത്ത്, നല്ലൊരു എഴുത്തുകാരിയും, ചിത്രകാരിയും, അതിലെല്ലാമുപരി ഒരു സാമൂഹികപ്രവര്ത്തകയുമാണ്. കേട്ടോളൂ മാരിവില്ലഴകുള്ള ഈ വാക്കുകൾ.


<Voice byte>


< Transmission Music>


Scene-4


ചാക്കോച്ചൻ: സമയം 5 മണിയായി. രാത്രി 10 ന് എന്നെ തിരിച്ച് കുറ്റിപ്പുറത്തെത്തിക്കാന്ന് പറഞ്ഞതാ.


സഹീർ: ഇല്ല്യ ചാക്കോച്ചാ..... പത്ത്മണിക്ക് മുമ്പായിട്ടെന്നെ മ്മളാട്യെത്തും. മ്മള് താ പൊറപ്പെട്ട് കഴിഞ്ഞ്. ങാ..


(കാറിന്റെ ശബ്ദം)


ചാക്കോച്ചൻ: ഇനിയൊരു 3 മണിക്കൂറ് ഡ്രൈവ് ചെയ്യേണ്ടി വര്വല്ലോ..അവിടെ കുറ്റിപ്പുറത്തെത്താൻ


സഹീർ: ഉം...നമ്മക്ക് കാഴ്ചകളെക്കെ കണ്ട്, നാട്ടുവര്ത്താനൊക്കെ പറഞ്ഞ് അങ്ങനങ്ങ പോവാ......ഹ....ഹ...ഹ...


(നിശബ്ദത. കാറിന്റെ ശബ്ദം മാത്രം)


സഹീർ: എന്താ ചാക്കോച്ചാ ഒന്നും മിണ്ടാത്തത്, ങ്ങളെന്ത് ര് ത്താ ത്ര കാര്യായിട്ടാലോചിക്ക്ന്നത് ?


ചാക്കോച്ചൻ: ഒന്നുംല്ല്യാ, ഞാനിതുവരെ നമ്മൾ കണ്ടുമുട്ടിയവരെക്കുറിച്ചെക്കൊന്നാലോചിക്കേരുന്നു. ശരീരം 95% തളര്ന്നിട്ടും തളരാതെ സാമൂഹ്യ സേവനത്തിലേര്പ്പെട്ടിരിക്കുന്ന മുസ്തഫയും, ജോമിയും, വൃക്ക മാറ്റിവെച്ച് ചികിത്സക്കു സ്വന്തമായി പണം കണ്ടെത്തുന്ന റംഷീദ്...ജീവിതത്തിലെ കഷ്ടനഷ്ടങ്ങളെ അവർ അതിജീവിച്ചിരിക്കുന്നു. അതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ട്.


സഹീർ: ങ്...ഹും.....അതാണ് ചാക്കോച്ചാ കാര്യം. ഇന്നൊരിത്തിരി ബുദ്ധിമുട്ടൊക്കെണ്ടെങ്കിലും നാളെ ഉഷാറാകും. അല്ല, ങ്ങള് ബീര്ബലിന്റെ കഥ കേട്ടില്ല്യേ ?


ചാക്കോച്ചൻ: അതേത് കഥ?


സഹീർ: ഒരിക്കല്.....രാജാവ് ബീര്ബലി തോട് ചോയ്ച്ചത്രേ, സന്തോഷം വര്മ്പോ സങ്കടോം, സങ്കടം വരുമ്പോ സന്തോഷോം തോന്നിക്കുന്ന ഒരു വാചകം കൊട്ടാരത്തിന്റെ ചുമരിലങ്ങെഴ്തി വെക്കാന്. അപ്പോ....ബീര്ബലെന്താ എഴുത്യേന്നറിയോ ?


ചാക്കോച്ചൻ: എന്താ?


സഹീർ: ഇങ്ങളെന്ന്യൊന്ന് പറഞ്ഞ്യോക്കീ....


ചാക്കോച്ചൻ: എല്ലാം വിധിപോലെ വരുംന്നാണോ ?


സഹീർ: ഹ.....ഹ......ഹ....... വിധി പോലെ വരൂംന്ന് പറേന്നത് ശര്യന്ന്യാ. പക്ഷേ, പ്രശ്നങ്ങള്ണ്ടാവുമ്പോ വിധ്യാന്നും പറഞ്ഞ് വെറുതെയിരിക്കാൻ പാടുണ്ടോ? ഇല്ല്യ...മ്മളെക്കൊണ്ടാവ്ന്നത്ര മ്മള് ചെയ്യണം. താൻപാതി ദൈവം പാതീന്ന് കേട്ട്ട്ടില്ല്യേ. പിന്നെ....ബീര്ബല് എഴുത്യേത് ന്താന്നറിയ്വോ? ‘ഈ സമയവും കടന്നു പോകും’ന്ന്


ചാക്കോച്ചൻ: ഈ സമയവും കടന്നു പോകും.....


സഹീർ: ഉം...അ...ചാക്കോച്ചാ, കുറ്റിപ്പുറത്തിനടുത്ത് തവനൂരില്....ഒര്...ഗവണ്മെന്റിന്റെ ചില്ഡ്രന്സ് ഹോമുണ്ട്. കുട്ട്യേളെ പാര്പ്പിക്കണത്. ങ്ങള് അവ്ടെന്നെങ്കിലും പോയിട്ട്ണ്ടോ ?


ചാക്കോച്ചൻ: ഇല്ല. ഞാനാ ബോര്ഡ് കണ്ടിട്ടുണ്ട്. പക്ഷേ ഇതേവരെ പോയ്ട്ടില്ല്യ


സഹീർ: ന്നാല് ഇന്ന് നമ്മക്കാട്യൊന്ന് പോണം. ന്തേ..... 10 മണ്യാവാൻ ഇനീഷ്ടം പോലെ സമയം ബാക്കില്ല്യേ....


ചാക്കോച്ചൻ: ഉം...


< Transmission Music>


Narration : 5


അമ്മയും നന്മയും പാട്ട് പാശ്ചാത്തലത്തിൽ.


ലോകത്തിലെ ഏറ്റവും മനോഹരമായ പദം ഏതായിരിക്കുമെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇതേ ചോദ്യവുമായി, ഒരിക്കൽ അന്താരാഷ്ട്ര ഏജന്സിയായ “British Council” നടത്തിയ അഭിപ്രായ സർവ്വേയിൽ “Love” അഥവാ സ്നേഹം എന്ന വാക്കാണ് നാലാമതെത്തിയത്. ‘Smile’ അഥവാ പുഞ്ചിരി എന്നവാക്ക് മൂന്നാമതും, “Passion” അഥവാ അഭിനിവേശം എന്ന വാക്ക് രണ്ടാമതുമെത്തി. എന്നാൽ ഒന്നാമതെത്തിയ വാക്ക് “Mother” അഥവാ അമ്മ എന്നായിരുന്നു.






എന്നാൽ, ബാലമന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ പലര്ക്കും ഒരു സ്വപ്നം മാത്രമാണ് ഈ വാക്ക്. തവനൂർ ചില്ഡ്രന്സ് ഹോമിൽ കഴിയുന്ന ഫവാസിനെയും കൂട്ടുകാരെയും കാണാനാണ് ചാക്കോച്ചനെയും കൂട്ടി സഹീർ അവിടെ എത്തിയത്. ഫവാസിന്റെ വാക്കുകൾ കേള്ക്കൂ...



<Voice byte>


< Transmission Music>


Scene-5


(ട്രെയിനിന്റെ ശബ്ദം ദൂരെനിന്ന് കേള്ക്കുന്നു)


സഹീർ: ചാക്കോച്ചാ....സമയം ദാ 9 മണിയായ്ട്ടേ ള്ളൂ. പറഞ്ഞേലും ഒര് മണിക്കൂറ് മുമ്പെന്നെ ങ്ങളെ ഞാ ബ്ടെത്തിച്ചിക്ക്ന്ന്. എനി പറയ് ങ്ങക്ക്പ്പൊ ന്താ തോന്ന്ന്നേ, മരിക്കണോ അതോ ജീവിക്കണോ ?


ചാക്കോച്ചൻ: ജീവിക്കണം......എനിയ്ക്ക് ജീവിക്കണം.


സഹീർ: ങാ....


ചാക്കോച്ചൻ: ഞാൻ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ........ഇന്ന് പുലര്ച്ചെ തീവണ്ടിയുടെ ഇരുമ്പു ചക്രങ്ങൾ എന്റെ തല തകര്ത്തേനെ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ വെച്ചു നോക്കുമ്പോ, എന്റെ പ്രശ്നം എത്രയോ നിസ്സാരം.


സഹീർ: ശര്യാ ചാക്കോച്ചാ, ദുഖങ്ങള് മ്മക്കെല്ലാര്ക്കുംണ്ടാകും. പക്ഷേ, പ്രശ്നങ്ങളെ മുമ്പില് മ്മള് തോറ്റ് കൊടുത്താ പിന്നെന്താണ്ടാവ്വാന്നറിയ്വോ, മ്മക്കൊരിക്കലും വിജയിക്കാൻ കയ്യൂല. ഉള്ള സാഹചര്യത്തില് മ്മളങ്ങനെ സുഖായിട്ടിരിക്കണം.


(ചാക്കോച്ചൻ സഹീറിനെ ആലിംഗനം ചെയ്യുന്നു.)


ചാക്കോച്ചൻ: നിങ്ങളാണെന്നെ രക്ഷിച്ചത്. സഹീറേ ഞാൻ വീട്ടിലേക്കു പോവുന്നു. പറയാതെറങ്ങീതാ..അവരന്വേഷിക്കുന്നുണ്ടാവും. ഹലോ.....ആ....മോളേ...ഞാനിതാ അങ്ങോട്ടു വരുന്നു. ഒരു മണിക്കൂറിനുള്ളിൽ വരും. എന്താ കൊണ്ടുവരേണ്ടേ ? സഹീറേ.., നിങ്ങൾ സമയം കിട്ടുമ്പോ എന്റെ വീട്ടിലേക്കൊക്കെ ഒന്നിറങ്ങണം

സഹീർ: ഉം.....

ചാക്കോച്ചൻ: പത്തമ്പത് സെന്റ് സ്ഥലണ്ട്. എന്റപ്പനേപ്പോലെ കൃഷി ചെയ്യാൻ പോവ്വാ

സഹീർ: ഉം.

ചാക്കോച്ചൻ: ഒന്നാന്തരം മണ്ണാ.. വയലിന്റെ നടുവിലാ വീട്

സഹീർ: ഉം.

ചാക്കോച്ചൻ: തൊട്ടടുത്ത് ചെറിയൊരു പുഴ. നല്ല കാറ്റ്. ശുദ്ധ വായു. തെളിനീര്. അന്തസ്സായി ജീവിക്കാനിത് ധാരാളം മതി.

സഹീർ: ഉം.

ചാക്കോച്ചൻ: രാവിലെണീറ്റ് കെളച്ചാ, ഈ കൊളസ്ട്രോളും, ബി.പീം, പൊണ്ണത്തടീം ഒക്കെ പോവുംന്ന്.

സഹീർ: ഹ.ഹ.ഹ.

ചാക്കോച്ചൻ: ഉഷാറാവുംന്ന്. മനസ്സിനും, ശരീരത്തിനും സന്തോഷംണ്ടെങ്കില് പിന്നെന്താ നേടാൻ കഴിയാത്തത്.

സഹീർ: അതെന്ന്യാ പറേന്നത്.

ചാക്കോച്ചൻ: എന്നാ പിന്നെ കാണാം

സഹീർ: ശരി. അങ്ങനായ്ക്കോട്ടെ.

Conclusion

സന്തോഷത്തിന്റെ അര്ത്ഥ തലങ്ങൾ പലതാണ്. പണവും പ്രശസ്തിയും അധികാരവുമൊന്നും തന്നെ സന്തോഷത്തിന് വഴിയൊരുക്കണമെന്ന് നിര്ബന്ധമില്ല. സംതൃപ്തിയാണ് സന്തോഷത്തിന്റെ രഹസ്യം.

“ഇത്തിരി കണ്ണീരുപ്പു

പുരട്ടാതെന്തിന് ജീവിത പലഹാരം”

എന്ന് ഇടശ്ശേരി പാടിയിട്ടുണ്ട്. സന്തോഷം മാത്രമല്ല, സങ്കടവും പ്രശ്നങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. വിധിയൊരുക്കിയ പരീക്ഷണങ്ങളെ മനോധൈര്യം കൊണ്ട് നേരിട്ട് അതിജീവനത്തിന്റെ പുതു ചരിത്രമെഴുതിയ 5 വ്യക്തികളെയാണ് നിങ്ങള്ക്ക് ഇന്നിവിടെ പരിചയപ്പെടുത്തിയത്. തോരപ്പ മുസ്തഫയും, റംഷീദും, ജോമിയും, മാരിയത്തും, ഫവാസുമെക്കെ നിങ്ങളുടെ മനോമുകുരങ്ങളിൽ പരിവര്ത്തനത്തിന്റെ വിത്തു പാകിയിട്ടുണ്ടാകുമെന്ന് തീര്ച്ചയാണ്. ജീവിതത്തിന്റെ ഈണവും താളവും നമുക്കിനി ഒന്നായി ആസ്വദിക്കാം. സന്തോഷവും.

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക